ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോ ഓപ്പറേഷൻ (എഫ്‌ഐപിഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിജി സർക്കാരിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരം. ‘കംപാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഫിജി’ പുരസ്‌കാരമാണ് മോദിക്ക് ഫിജിയൻ പ്രധാനമന്ത്രി സിറ്റിവേനി റബുക സമ്മാനിച്ചത്. ഫിജി പൗരന്മാർ അല്ലാത്തവർക്ക് വളരെ അപൂർവമായാണ് ഈ പുരസ്കാരം നൽകാറുള്ളത്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ പാപ്പുവ ന്യൂ ഗിനിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ നരേന്ദ്രമോദിയുടെ പാദങ്ങളിൽ തൊട്ട് വന്ദിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സൂര്യാസ്മയത്തിന് ശേഷം രാജ്യത്തിലെത്തുന്ന ഒരു നേതാവിനും ഇത്തരം സ്വീകരണം നൽകുന്ന പതിവില്ലെങ്കിലും അതിന് വിപരീതമായി എല്ലാ ആചാരങ്ങളോടും കൂടിയ വരവേൽപ്പാണ് പാപ്പുവ ന്യൂ ഗിനിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
മേഖലയിൽ ചൈന സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുന്നതിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി പാപ്പുവ ന്യൂ ഗിനിയ സന്ദർശിക്കുന്നത്. ജപ്പാനിൽ നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദി പാപ്പുവ ന്യൂ ഗിനിയയിലെത്തിയത്.
പാപ്പുവ ന്യൂ ഗിനിയയിലെ പോർട്ട് മോറെസ്ബി വിമാനത്താവളത്തിൽ മോദി വന്നിറങ്ങിയപ്പോഴാണ് ആദരസൂചകമായി പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചത്. മോദിയുടെ വരവ് പ്രമാണിച്ച് അവിടെ ഇന്ത്യയുടെ ദേശീയ ഗാനം കേൾപ്പിക്കുകയും ഇരുപ്രധാനമന്ത്രിമാരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ വരവിൽ ഗാർഡ് ഓഫ് ഓണറും നൽകി.
അടുത്തിടെ പാപുവ ന്യൂ ഗിനിയയും നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ‘കംപാനിയൻ ഓഫ് ദ ഓർഡർ ഓഫ് ലോഗൊഹു’ എന്ന പുരസ്കാരമാണ് പാപുവ ന്യൂ ഗിനിയ നൽകിയത്.