അബുദാബി: അടുത്ത മാസം യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍. ബാപ്സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനത്തിന് യുഎഇയിലെത്തുന്ന മോദി പ്രവാസി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
ഫെബ്രുവരി 13ന് വൈകിട്ട് നാലു മണിക്ക് അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് അഹ്ലാന്‍ മോദി എന്ന് പേരു നല്‍കിയിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. നാനൂറ് കലാകാരന്മാര്‍ വിവിധ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും. യുഎഇയിലെ 150 ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകള്‍ സംയുക്തമായാണ് പരിപാടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കാല്‍ ലക്ഷത്തിലേറെ ഇന്ത്യക്കാരെ പ്രതീക്ഷിക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളെ കുറിച്ച് മോദി സംസാരിക്കും. പ്രധാനമന്ത്രി മോദിക്കുള്ള പ്രവാസി സമൂഹത്തിന്‍റെ ഏറ്റവും വലിയ സ്വീകരണമാണ് പരിപാടിയെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനമാണിത്.
ഫെബ്രുവരി 14നാണ് ബാപ്സ് ഹിന്ദു മന്ദിര്‍ മോദി ഉദ്ഘാടനം ചെയ്യുന്നത്. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ. www.ahlanmodi.ae എന്ന വെബ്സൈറ്റ് വഴി പരിപാടിയിലേക്ക് ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം. 7 ഏഴ് എമിറേറ്റുകളിൽനിന്നും സൗജന്യ ഗതാഗത സൗകര്യവും ഉണ്ടായിരിക്കും.ഹെൽപ് ലൈൻ – +971 56 385 8065 (വാട്സാപ്) വെബ്സൈറ്റ് – www.ahlanmodi.ae.