മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്‍റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടന്‍ ശ്രീനിവാസന്‍. മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍റെ പ്രതികരണം.
ഡോ. സരോജ് കുമാര്‍ എന്ന സിനിമ സംവിധായകന്‍ രാജീവ് നാഥില്‍ നിന്നുമുള്ള അനുഭവത്തില്‍ എഴുതിയതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓര്‍ത്തെടുത്ത ശ്രീനിവാസന്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെന്ന് പരിഹസിച്ചു. ഡോ സരോജ് കുമാര്‍ എന്ന സിനിമ ഒരു തരത്തില്‍ മോഹന്‍ലാലിന്‍റെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു മറുപടി.
മമ്മൂട്ടിയോടൊത്തുള്ള അനുഭവവും ശ്രീനിവാസന്‍ തുറന്നുപറയുന്നുണ്ട്: ‘ഒരിക്കല്‍ ഞാന്‍ രാത്രിയില്‍ പുതിയ സണ്‍ഗ്ലാസ് ധരിച്ച് മമ്മൂട്ടിയെ കാണാന്‍ പോയി. അദ്ദേഹം ഒരു മത്സരാര്‍ത്ഥിയെ പോലെ തന്നെ നോക്കി നിന്നു. എന്നിട്ട് മുറിയിലേക്ക് പോയി 17 സണ്‍ഗ്ലാസുകള്‍ അടങ്ങിയ ഒരു പെട്ടി തുറന്നു. അദ്ദേഹത്തെ മറികടക്കാന്‍ ധൈര്യപ്പെടരുതെന്ന് സന്ദേശം അതിലുള്ളതായി തോന്നി’ ശ്രീനിവാസന്‍ പറഞ്ഞു.