കൊച്ചി: താരസംഘടനയായ അമ്മയെ നയിക്കാൻ വീണ്ടും മോഹൻലാൽ എത്തില്ല. അമ്മ ഭാരവാഹിയാകാൻ ഇനി ഇല്ലെന്ന് മോഹൻലാൽ താൽക്കാലിക ഭരണസമിതിയെ അറിയിച്ചു . അംഗങ്ങൾക്ക് എതിരായ ലൈംഗിക ആരോപണങ്ങളെ തുടർന്നാണ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോഹൻലാൽ പ്രസിഡന്റായ അമ്മ ഭരണസമിതി രാജിവച്ചത്. രണ്ട് മാസത്തിനകം ജനറൽ ബോഡി വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിച്ചതെങ്കിലും അമ്മ ജനറൽബോഡിയും തെരഞ്ഞെടുപ്പും ജൂണിൽ മാത്രമെ ഉണ്ടാകൂ.
മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി രാജിവച്ച ശേഷം താൽക്കാലിക ഭരണസംവിധാനമായി തുടരുമ്പോൾ സംഘടന ഇനിയെങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. മോഹൻലാൽ ഉൾപ്പെടുന്ന പഴയ ഭരണസമിതി തിരിച്ചുവരുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും മോഹൻലാലുമായി സംസാരിച്ചുവെന്നും അമ്മ ശക്തമായി തിരിച്ചുവരുമെന്ന് സുരേഷ് ഗോപിയും മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഇനിയൊരു തിരിച്ചുവരവിന് മോഹൻലാൽ തയാറല്ല. കഴിഞ്ഞ ജൂണിലാണ് രണ്ടാംവട്ടവും മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.