ആഗോള ബോക്സോഫീസിൽനിന്ന് 100 കോടി കലക്ഷൻ സ്വന്തമാക്കി ചരിത്രം രചിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ചിത്രത്തിന്റെ വിജയം സാധ്യമാക്കിയതെന്നും താരം കുറിപ്പിൽ പറയുന്നു.
മോഹൻലാലിനൊപ്പം പൃഥ്വിരാജും തകർത്തഭിനയിച്ച ചിത്രം, ആഗോള ബോക്സോഫീസിൽ ഏറ്റവും കൂടുതൽ ആദ്യദിന കലക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 65 കോടി രൂപയിലേറെയാണ് ആദ്യദിന കലക്ഷൻ. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷൻ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പർ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കലക്ഷനെന്ന് അണിയറ പ്രവർത്തകർ പറയുന്നു.