മസ്‌കത്ത്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 218 രൂപക്ക് മുകളിലെത്തി. അമേരിക്കൻ ഡോളർ ശക്തമായതും എണ്ണവില വർധിച്ചതുമാണ് വിനിമയ നിരക്ക് വർധിക്കാൻ പ്രധാന കാരണം.
ആഗസ്റ്റ് എട്ടിനാണ് ഈ വർഷം ആദ്യം വിനിമയ നിരക്ക് 218ലെത്തിയത്. പിന്നീട് താഴേക്ക് പോയെങ്കിലും വീണ്ടും 218 ലെത്തി. ചെറിയ ഏറ്റക്കുറച്ചിൽ കാണിക്കുന്നുണ്ടെങ്കിലും 218 എന്നതിൽ തന്നെയാണ് രണ്ട് ദിവസമായി നിലവിൽ വിനിമയ നിരക്കുള്ളത്.
ഓൺലൈൻ പോർട്ടലായ എക്‌സ്സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 218.48 രൂപ എന്ന നിരക്കായിരുന്നെങ്കിലും ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 218 രൂപ എന്ന നിരക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ വർഷം സെപ്റ്റംബർ 21ന് 216.60 രൂപയായിയിരുന്നു. അതിനു ശേഷമാണ് വിനിമയ നിരക്ക് ഉയരാൻ തുടങ്ങിയത്. നിലിവിൽ ഇതേ അവസ്ഥ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.