Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.ടിയുടെ പ്രസംഗത്തിന്റെ പൂർണരൂപം

എം.ടിയുടെ പ്രസംഗത്തിന്റെ പൂർണരൂപം

രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ടു വളരെക്കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്കു പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടികൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയപ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരുസ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി.

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവനസിദ്ധാന്തം വിസ്മരിക്കപ്പെടുന്നു. അവിടെ ശിഥിലീകരണം സംഭവിക്കാൻ പോകുന്നു എന്ന് ഫ്രോയ്ഡിന്റെ ശിഷ്യനും മാർക്സിയൻ തത്വചിന്തകനുമായ വിൽഹെം റീഹ് 1944ൽത്തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്നു സങ്കൽപിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്നു റീഹ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു. വ്യവസായം, സംസ്കാരം, ശാസ്ത്രം എന്നീ മേഖലകളുടെ പ്രവർത്തനത്തെ അമിതാധികാരമുള്ള മാനേജ്മെന്റുകളെ ഏൽപിക്കുമ്പോൾ അപചയത്തിന്റെ തുടക്കംകുറിക്കുമെന്ന് അദ്ദേഹം അപായസൂചന നൽകി.വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം, പടയാളികളുമാക്കാം. ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്തുനേടി സ്വാതന്ത്ര്യം ആർജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആൾക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്കു നിലനിൽപുള്ളൂ എന്നും റീഹിനെക്കാൾ മുൻപു രണ്ടുപേർ റഷ്യയിൽ പ്രഖ്യാപിച്ചു: എഴുത്തുകാരായ ഗോർക്കിയും ചെക്കോവും.

തിന്മകളുടെ മുഴുവൻ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെമേൽ കെട്ടിവച്ച് പൊള്ളയായ പ്രശംസകൾ നൽകിയും നേട്ടങ്ങളെ പെരുപ്പിച്ചുകാണിച്ചും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവർ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യൻ‍ സമൂഹമാണ് അവർ സ്വപ്നം കണ്ടത്. ഭരണകൂടം കയ്യടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്നു മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ ഓർമിപ്പിച്ചു.  സമൂഹമായി റഷ്യൻ ജനത മാറണമെങ്കിലോ? ചെക്കോവിന്റെ വാക്കുകൾ ഗോർക്കി ഉദ്ധരിക്കുന്നു: ‘‘റഷ്യക്കാരൻ ഒരു വിചിത്രജീവിയാണ്. അവൻ ഒരീച്ച പോലെയാണ്. ഒന്നും അധികം പിടിച്ചുനിർത്താൻ അവനാവില്ല.

ഒരാൾ‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കിൽ അവൻ അധ്വാനിക്കണം. സ്നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അതു നമുക്കു ചെയ്യാനറിയില്ല. വാസ്തുശിൽപി രണ്ടോ മൂന്നോ നല്ല വീടുകൾ പണിതുകഴിഞ്ഞാൽ ശേഷിച്ച ജീവിതകാലം തിയറ്റർ പരിസരത്ത് ചുറ്റിത്തിരിഞ്ഞുകഴിക്കുന്നു. ഡോക്ടർ പ്രാക്ടിസ് ഉറപ്പിച്ചുകഴിഞ്ഞാൽ സയൻസുമായി ബന്ധം വിടർത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെയും ഞാൻ കണ്ടിട്ടില്ല. വിജയകരമായ ഒരു ഡിഫൻസ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാൽ പിന്നെ സത്യത്തെ ഡിഫൻഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്’’.

1957ൽ ബാലറ്റുപെട്ടിയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽവന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം  മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത്; മഹാനായ  നേതാവാകുന്നത്.

അധികാരവികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും അദ്ദേഹത്തിനു കേരളത്തെപ്പറ്റി, മലയാളികളുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിർത്തണമെന്നു ശഠിച്ചുകൊണ്ടിരുന്നത്.
സാഹിത്യസമീപനങ്ങളിൽ തങ്ങൾക്കു തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യസിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്കു യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ, തെറ്റുപറ്റിയെന്നു തോന്നിയാൽ അതു സമ്മതിക്കുകയെന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതമണ്ഡലങ്ങളിൽ ഒരു മഹാരഥനും ഇവിടെ പതിവില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com