മൂന്നാര്‍: മൂന്നാറിനെ കുളിരണിയിച്ച് ശൈത്യകാല സീസണിലെ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തി. സാധാരണ ശൈത്യകാലത്തിന്റെ തുടക്കത്തില്‍ ഡിസംബര്‍ ആദ്യവാരം തന്നെ മൈനസ് ഡിഗ്രിയിലെത്തുന്ന തണുപ്പ് ഇത്തവണ എത്താന്‍ വൈകിയെങ്കിലും മുടങ്ങിയില്ല. ഇന്നലെ പുലർച്ചെ മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കന്നിമല, സൈലന്റ് വാലി , ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, ലോക്കാട് എന്നിവിടങ്ങളിലാണ് തണുപ്പ് മൈനസിലെത്തിയത്.
സെവന്‍മല, ദേവികുളം എന്നിവിടങ്ങളില്‍ താപനില പൂജ്യത്തിലേക്ക് താഴ്ന്നു. അതിരാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെട്ട പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളുമെത്തി.കേരള- തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും കനത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വട്ടവടയിലെ തണുപ്പ് ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യത്തിലെത്തി. ഇത്തവണത്തെ ശൈത്യകാല സീസണില്‍ മൂന്നാറില്‍ ആദ്യമായാണ് ഇത്രയും കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.