മസ്കത്ത്: ഒമാന്റെ തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ചെത്തുന്ന മസ്കത്ത് നൈറ്റ്സിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി നാലുവരെ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധങ്ങളായ വിനോദ, സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.
ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാലുവേദികളിലായാണ് ഇത്തവണ ഫെസ്റ്റിവൽ.ഓരോ ഇടങ്ങളിലേക്കും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത്. 12 വയസിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായി അനുവദിക്കും.ഫുഡ് കോർട്ട്, കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന സാഹസിക വിനോദങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ തുടങ്ങിയവ മേളക്ക് മാറ്റു കൂട്ടുന്നതായിരിക്കും.
കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യഫെസ്റ്റിവൽ ആയതിനാൽ ഇത്തവണ കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്.