പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് മുൻ സെക്രട്ടറിക്ക് എതിരായ സാമ്പത്തിക ക്രമക്കേട് കേസിൽ, മുൻകൂർ ജാമ്യപേക്ഷയിൽ ഉത്തരവ് ഉണ്ടാകും വരെ അറസ്റ്റ് പാടില്ലെന്ന് കോടതി. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സാമ്പത്തിക നഷ്ടം വരുത്തി എന്നാരോപിച്ച് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥനാണ് പരാതി നൽകിയത്. പരാതിയിൽ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്.
സെക്രട്ടറി എന്ന നിലയിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, പണം അപഹരിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഉത്തരവാദിത്തം കോർപ്പറേഷൻ ഡിപ്പാർട്ട്മെന്റ് സെയിൽ ഓഫീസർക്കാണെന്നും ജാമ്യപേക്ഷയിൽ ചൂണ്ടികാണിക്കുന്നു. അഡ്വക്കേറ്റ് എ സി ഈപ്പൻ മുഖേന നൽകിയ ജാമ്യാപേക്ഷയിലാണ് ഉത്തരവുണ്ടാകും വരെ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
86.12 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലായിരുന്നു മൈലപ്ര സഹകരണബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, മുൻ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെ പേരിൽ പത്തനംതിട്ട പൊലീസ് കേസെടുത്തത്. നിക്ഷേപത്തുകയായി 87 ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന് കാട്ടി പത്തനംതിട്ട സ്വദേശി രാജേന്ദ്രപ്രസാദ് നൽകിയ പരാതിയിൽ മറ്റൊരുകേസും ഇവർക്കെതിരെയുണ്ട്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയും ബാങ്കിന്റെ നിയമാവലിയ്ക്ക് വിരുദ്ധമായും ബാങ്കിന്റെ പ്രവർത്തന പരിധിയ്ക്ക് പുറത്തുള്ളവർക്ക് നിയമവിരുദ്ധമായി വായ്പ നൽകി എന്ന ആരോപണവുമുണ്ട്