കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെത്തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാനാകില്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും കുറയ്ക്കാന്‍ കഴിയുന്നത് ഭാവി സുരക്ഷിതമാകും.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അല്ലെങ്കില്‍ പ്രവചിക്കാനാകാത്ത വിധമുള്ള പ്രത്യാഘാതം ആരോഗ്യമേഖലയ്ക്ക് നേരിടേണ്ടി വരുമെന്നും ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു.
എന്‍95 പോലുള്ള മാസ്കുകള്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലെ ചെറുകണങ്ങള്‍ തടയുമെങ്കിലും ഇവ വാതകങ്ങളെ പ്രതിരോധിക്കില്ല. പുകയെത്തുടര്ന്നുള്ള കാര്‍ബണ്‍ പോലുള്ള വാതകങ്ങള്‍ പരിസ്ഥിതിയെ ബാധിക്കും. ഇവ ജലസ്രോതസുകളിലും കൃഷിസ്ഥലങ്ങളിലും ക്രമേണ പതിക്കുമ്പോള്‍ പിന്നീട് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ മനുഷ്യരിലേക്കും എത്തിച്ചേരാന്‍ ഇടയാകും. ഇതിനെ പ്രതിരോധിക്കണം. ബ്രഹ്മപുരത്ത് പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേനാംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് വൈദ്യപരിശോധന തയാറാണെന്നും ഐഎംഎ പറഞ്ഞു.