ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ഓർമ്മിപ്പിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പ്രസംഗം ആരംഭിച്ചത്. അരബിന്ദോ ഘോഷിന്റെ ജന്മദിനമാണ് ആഗസ്റ്റ് 15 എന്ന് അനുസ്മരിച്ച പ്രധാനമന്ത്രി സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികത്തെക്കുറിച്ചും റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികത്തെക്കുറിച്ചും രാജ്യത്തെ ഓര്‍മ്മപ്പെടുത്തി.
മണിപ്പൂരില്‍ അടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹിംസാത്മകമായ അക്രമങ്ങള്‍ അരങ്ങേറുകയാണ്. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങേറിയ അതിക്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മണിപ്പൂരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേറ്റ അതിക്രമങ്ങൾ സംഭവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സമാധാനം തിരികെ വരികയാണ്, അത് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സര്‍ക്കാര്‍ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമുണ്ടെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ജനങ്ങള്‍ പ്രകൃതിക്ഷോഭത്തിന്റെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ദുരിതങ്ങളിലൂടെ കടന്ന് പോകുകയാണ്. ദുരന്തത്തെ അഭിമുഖീകരിക്കുന്ന എല്ലാ കുടുംബങ്ങളോടും അനുഭാവം പ്രകടിപ്പിക്കുന്നതായും നരേന്ദ്രമോദി വ്യക്തമാക്കി.