ന്യൂഡൽഹി : 2014 ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ ധനകാര്യ കമ്മിഷനോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി നിതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ധനകാര്യ കമ്മിഷൻ ചെയർമാനായിരുന്ന വൈ.വി.റെഡ്ഡി ഇത് അംഗീകരിച്ചില്ല. തുടർന്ന്, മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് 48 മണിക്കൂർ കൊണ്ട് തിരുത്തിയെഴുതേണ്ടി വന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സുബ്രഹ്മണ്യം അന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു.
2023 ജൂലൈയിലെ ഒരു സെമിനാറിലാണ് ഇദ്ദേഹം ഇക്കാര്യം പരാമർശിച്ചതെന്നു ‘റിപ്പോർട്ടേഴ്സ് കളക്ടീവ് ’ എന്ന മാധ്യമകൂട്ടായ്മ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഇതുസംബന്ധിച്ച് ചോദ്യങ്ങൾ അയച്ച് മണിക്കൂറുകൾക്കകം സെമിനാറിന്റെ യുട്യൂബ് വിഡിയോ ആർക്കും കാണാൻ പറ്റാത്ത തരത്തിലാക്കിയെന്നും മാധ്യമകൂട്ടായ്മ ചൂണ്ടിക്കാട്ടി.
കേന്ദ്ര, സംസ്ഥാന ധനകാര്യബന്ധങ്ങളിൽ ശുപാർശകൾ നൽകുന്ന ഭരണഘടനാ സ്ഥാപനമാണു ധനകാര്യ കമ്മിഷൻ. കേന്ദ്രത്തിന്റെ മൊത്തം നികുതിവരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എത്രവീതം നൽകണമെന്ന് ധനകാര്യ കമ്മിഷനാണ് ശുപാർശ നൽകുന്നത്.