ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവമാദ പരാമർശത്തിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് തീരുമാനം.
ഇന്നലെ രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമർശം. രാജ്യത്തിന്റെ സമ്പത്തിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്ക് എന്നാണ് നേരത്തെ കോൺഗ്രസ് പറഞ്ഞിരുന്നതെന്നും എല്ലാവരുടെയും സ്വത്ത് എടുത്തു കൂടുതൽ മക്കൾ ഉള്ളവർക്ക് കൊടുക്കാൻ ആണ് കോൺഗ്രസിന്റെ പദ്ധതിയെന്നുമായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം. ഇതാണ് വിവാദമായത്.
ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ ഓഫീസിന്റെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. മോദിയുടേത് വിദ്വേഷ പ്രസംഗമാണ്. സംഘത്തിന്റെ മൂല്യങ്ങളിൽ നിന്ന് പഠിച്ചതാണ് ഇന്ന് പ്രധാനമന്ത്രി ചെയ്തതെന്നും മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഇന്ത്യാ സംഘം വിജയിക്കുകയാണെന്ന് മോദിയുടെ പരിഭ്രാന്തി നിറഞ്ഞ പ്രസംഗം വ്യക്തമാക്കുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.