തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കൊഴിഞ്ഞ‌് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദർശകരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ 4.15ഓടെ കന്യാകുമാരിയിലെത്തും. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനമിരിക്കാൻ മോദി എത്തുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാവുന്നതും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം.