ഡൽഹി: നരേന്ദ്ര മോദിയോടൊപ്പം പ്രധാന ക്യാബിനറ്റ് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഘടക കക്ഷി പാർട്ടികൾ നാമ നിർദേശം ചെയ്ത അംഗങ്ങളും അധികാരമേൽക്കും. സ്പീക്കറെ പിന്നീട് തീരുമാനിക്കും.
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്താണ് സർക്കാർ രൂപീകരണം. മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്കുമാറിന്റെ ഡിമാൻഡ്. 12 എംപിമാരാണ് വിലപേശാനുള്ള ജെഡിയുവിന്റെ ആയുധം.
16 സീറ്റുള്ള ടിഡിപി മൂന്ന് ക്യാബിനറ്റ് സ്ഥാനവും മൂന്നു സഹമന്ത്രി സ്ഥാനവും കൂടാതെ ലോക്സഭാ സ്പീക്കർ കസേര കൂടി ചോദിക്കുന്നുണ്ട്. മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എൽ ജെ പി , ഒരു കേന്ദ്രമന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപെടുന്നു. 7 സീറ്റ് കൈമുതലുള്ള ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്‌ഥാനവും ആവശ്യപ്പെടുന്നു.