വാഴ്സ : റഷ്യ-യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്കു സുപ്രധാനവും ക്രിയാത്മകവുമായ പങ്കു വഹിക്കാനാകുമെന്നു പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിലേക്കു പോകുന്നതിനു തൊട്ടു മുൻപായിരുന്നു ടസ്കിന്റെ പ്രതികരണം. മോദിയുടെ യുക്രെയ്ൻ സന്ദർശനം ചരിത്രപരമാകുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ–യുക്രെയ്ൻ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ മോദി സന്നദ്ധത അറിയിച്ചെന്നും ടസ്ക് കൂട്ടിച്ചേർത്തു. യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങളിൽ മോദി ആശങ്ക പ്രകടിപ്പിച്ചു. സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ ചർച്ചയും നയതന്ത്രവും വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. യുദ്ധഭൂമിയിൽ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല. മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനു സാധ്യമായ എല്ലാ സഹകരണവും നൽകാൻ തയാറാണെന്നും മോദി പറഞ്ഞു.