Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പുകള്‍ സമാപിച്ചു

നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പുകള്‍ സമാപിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പുകള്‍ സമാപിച്ചു. സംസ്ഥാനത്തെ 1457 ഹയർ സെക്കണ്ടറി സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ‘മാലിന്യമുക്ത നവകേരളം’ എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ആശയം. ലഹരിക്കെതിരായ പ്രതിരോധ ക്യാമ്പെയിനുകള്‍ക്കൊപ്പം വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും ക്യാമ്പുകളില്‍ സംഘടിപ്പിച്ചു. ‘സമന്വയം 2023’ എന്ന പേരില്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ക്യാമ്പുകള്‍ വന്‍ വിജയമായിരുന്നു എന്നും ക്യാമ്പില്‍ നടന്നു വന്ന പ്രവര്‍ത്തങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാവുമെന്നും സംസ്ഥാന കോ-ഓഡിനേറ്റര്‍ ജേക്കബ് ജോണ്‍ അറിയിച്ചു.

എൻ.എസ്.എസ്സിന്റെ പ്രധാന ക്യാമ്പ് പ്രവർത്തനങ്ങൾ

മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തി സൗന്ദര്യവല്‍ക്കരിക്കുന്ന ‘സ്‌നേഹാരാമം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 1457 പ്രദേശങ്ങള്‍ നവീകരിച്ചു. പഞ്ചായത്ത് സംവിധാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയില്‍ നവീകരിച്ച ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ചുവര്‍ ചിത്രങ്ങളും പൂന്തോട്ടങ്ങളും ഒരുക്കി.

‘ഹരിതഗൃഹം’ പദ്ധതിയിലൂടെ പുനരുപയോഗമൂല്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് തുണി സഞ്ചികള്‍, ചവിട്ടികള്‍ മുതലായ ഉപ്പന്നങ്ങള്‍ നിര്‍മിച്ച് വീടുകളില്‍ എത്തിച്ച് നല്‍കി. സംസ്ഥാനത്തുടനീളം ഏഴ് ലക്ഷം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു.

മാലിന്യമുക്തം, ലഹരിവിരുദ്ധം, രക്തദാനം എന്നീ ആശയങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ‘നാടറിയാം’ ജനകീയ അരങ്ങുകള്‍ വഴി പൊതുഇടങ്ങളില്‍ നൃത്ത സംഗീതശില്പം, നാടകം, ഫ്ളാഷ്മോബ് എന്നിവ രണ്ടായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചു.

മാലിന്യമുക്ത സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ ക്യാന്‍വാസുകള്‍ സ്ഥാപിച്ച് പൊതുജന പങ്കാളിത്തത്തോടെ സന്ദേശങ്ങളും മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

സന്നദ്ധ രക്തദാനരംഗത്ത് ഹയര്‍ സെക്കന്ററി എന്‍.എസ്.എസ്. കേരളാ പോലീസിന്റെ സഹകരണത്തോടെ ഏറ്റെടുത്തിരിക്കുന്ന ‘ജീവദ്യുതി പോള്‍ബ്ലഡ്’ പദ്ധതിയുടെ ഭാഗമായി വോളന്റിയര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി ബോധവല്‍കരണം നല്‍കുകയും ‘പോള്‍ ആപ്പ്’ പരമാവധി പൊതുജനങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുകയും ചെയ്തു. സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തിൽ പരം രക്തദാതാക്കളെ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യിക്കാന്‍ കഴിഞ്ഞു.

വയോജനങ്ങളുടെ മനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ‘സ്‌നേഹസന്ദര്‍ശനം’ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ക്യാമ്പിംഗ് പ്രദേശത്തെ വയോജനങ്ങളെ ഗൃഹാന്തരീക്ഷത്തില്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളിലൂന്നിയ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ലിംഗസമത്വം എന്ന സന്ദേശം വോളന്റിയര്‍മാരിലെത്തിക്കാന്‍ കേന്ദ്രീകൃതമായ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്‌സണ്‍ വഴി ‘സമദര്‍ശന്‍’ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ സംഘടിപ്പിച്ചു. ശാസ്ത്രാഭിരുചിയും, മാനവീകതയും, അന്വേഷണത്വരയും വോളന്റിയര്‍മാര്‍ക്ക് സ്വായത്തമാക്കാനുള്ള അവസരമായ ‘ഭാരതീയം’ പരിപാടി, അടിയന്തിര ഘട്ടങ്ങളില്‍ സമചിത്തതയോടെയും സന്നദ്ധതയോടെയും മുന്നിട്ടിറങ്ങി ജീവരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഫയര്‍ & റസ്‌ക്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെ സേവനത്തോടുകൂടി സംഘടിപ്പിച്ച ‘സന്നദ്ധം,’ തൊഴിലുറപ്പ് തൊഴിലാളികളെ അടുത്തറിയാനും അവരുടെ തൊഴില്‍ മേഖലയെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യാനും സംഘടിപ്പിച്ച സ്നേഹസംവാദം ‘ഒപ്പം’ എന്നിങ്ങനെ നിരവധി പദ്ധതികളും പരിപാടികളും ക്യാമ്പുകളില്‍ സംഘടിപ്പിച്ചു.

ഓരോ വോളന്റിയര്‍മാരും തങ്ങളുടെ ജീവിതാനുഭവങ്ങള്‍, പ്രചോദിപ്പിച്ച വ്യക്തിത്വങ്ങള്‍, ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍, അവയെ തരണം ചെയ്ത രീതികള്‍, സ്വപ്നങ്ങള്‍, പ്രതീക്ഷിക്കുന്ന സാമൂഹ്യമാറ്റങ്ങള്‍, എന്‍.എസ്.എസ്. സംബന്ധിച്ച അനുഭവങ്ങള്‍ തുടങ്ങിയവ പങ്കുവെച്ച സ്വയം ബോധന പരിപാടിയായ ‘ഹ്യുമന്‍ ബുക്ക്’ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com