തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിൽ ഇന്നും തുടരും. പാർട്ടിയുടെ നാലു മന്ത്രിമാരും സംഘടനാ ചുമതലകൾ ഒഴിയണമെന്ന് സി.പി.ഐ കൗൺസിലിൽ ആവശ്യം ഉയർന്നിരിന്നു. സംഘടനാ ചുമതല വഹിച്ചാൽ മന്ത്രിമാർക്ക് ഭരണത്തിൽ ശ്രദ്ധിക്കാൻ പറ്റില്ലെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മുന്നണി നേതൃത്വത്തിന്റെ പ്രവർത്തന പരാജയം മുതൽ സർക്കാരിന്റെ കൂട്ടുത്തരവാദിത്തം ഇല്ലായ്മയിൽ വരെ കടുത്ത വിമർശനങ്ങളാണ് ഇന്നലെ സംസ്ഥാന കൗൺസിലിൽ ഉയർന്നത്. ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് തുടരാൻ ഇ.പി ജയരാജൻ അർഹനല്ലെന്നും അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെടാത്തത് സി.പി.ഐ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
നവകേരള സദസ് സമ്പൂർണ പരാജയമായിരുന്നെന്നും സി.പി.ഐ നേതൃയോഗം വിലയിരുത്തി. അതേസമയം, മുഖ്യമന്ത്രിക്കെതിരെ ജില്ലാതല നേതൃയോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന സമിതിയിൽ അതേ തീവ്രതയോടെ വന്നില്ലെന്നതും ശ്രദ്ധേയമാണ്.