മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. പിംപ്രി ചിഞ്ച്‌വാദിൽ നിന്നുള്ള നേതാക്കളാണ് രാജിവച്ചത്. ഇവര്‍ ഈ ആഴ്ചയില്‍ തന്നെ ശരദ് പവാറിന്‍റെ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് പാര്‍ട്ടിവിട്ട മറ്റു നേതാക്കള്‍. അജിത് പവാർ ക്യാമ്പിലെ ചില നേതാക്കൾ ശരദ് പവാറിന്‍റെ എന്‍സിപിയിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി.തൻ്റെ പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കില്ലെന്നും എന്നാൽ പാർട്ടിയുടെ പ്രതിച്ഛായയെ മുറിവേൽപ്പിക്കാത്ത നേതാക്കളെ സ്വീകരിക്കുമെന്നും ശരദ് പവാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അജിത്ത് പവാർ പക്ഷത്ത് ഭിന്നത രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്നും 5 പേർ വിട്ടു നിന്നു. പതിനഞ്ചോളം എംഎൽഎമാർ ശരത്പവാർ പക്ഷവുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ തന്‍റെ ഒപ്പം നിൽക്കുന്നവരുടെ കാര്യത്തിൽ പൂർണമായി വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് അജിത് പവാർ രംഗത്ത് വരികയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയില്‍ എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും ബി.ജെ.പിയും ചേർന്ന് 48 സീറ്റുകളിൽ 17 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. 31 സീറ്റുകൾ നേടി ഇൻഡ്യാ മുന്നണി വലിയ മുന്നേറ്റമാണ് മഹാരാഷ്ട്രയിൽ നടത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 48ൽ 41 സീറ്റുകളും ശിവസേന-ബി.ജെ.പി സഖ്യം നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നത്. മറുകണ്ടം ചാടിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം കൊടുക്കുന്നതിനിടെ അജിത് പവാറിന്റെ നീക്കം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായിരുന്നു.