കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സാമ്പത്തിക ഇടപാടിലെ വിശദാംശം തേടി കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത് 24 മണിക്കൂർ. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. എന്തെങ്കിലും സേവനത്തിന് പ്രതിഫലമായാണ് തുക നൽകിയതെന്ന് തെളിയിക്കുന്ന വിശ്വാസ യോഗ്യമായ വിവരങ്ങൾ ഇ.ഡിക്ക് കൈമാറാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ കമ്പനി ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മകൾ അടക്കമുള്ളവരെക്കൂടി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയെന്നാണ് സൂചന. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷം വീണയെ വിളിപ്പിക്കാനാണ് ഇ.ഡി ഉദ്ദേശിച്ചിരുന്നത്. എന്നാൽ, രണ്ടുവട്ടം നോട്ടീസ് നൽകിയിട്ടും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹാജരാകാതിരിക്കെ ഇതിന് കാക്കാതെ വീണയെ വിളിപ്പിച്ചേക്കും. അതിനിടെ, കൂടുതൽ ജീവനക്കാർക്ക് ഹാജരാകൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. കർത്ത ഹൈകോടതിയെ സമീപിച്ചിരിക്കെ തീർപ്പിന് വിധേയമായിട്ടാകും തുടർനടപടികൾ. തിങ്കളാഴ്ച ഹാജരാകാനുള്ള ഇ.ഡി നോട്ടീസും തുടർന്ന് ഇന്നലെ ഹാജരാകാൻ നിർദേശിച്ചതും ശശിധരൻ കർത്ത അവഗണിക്കുകയായിരുന്നു.
സോഫ്റ്റ്വെയർ സേവനത്തിന്‍റെ പേരിൽ വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ നൽകിയെന്നായിരുന്നു നേരത്തേ ആദായനികുതിവകുപ്പിന്‍റെ ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ വായ്പ എന്ന പേരിൽ അരക്കോടിയോളം രൂപ നൽകി. ഇത് സംബന്ധിച്ചാണ് ഇ.ഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്നാണ് ഇ.ഡി പരിശോധന. സേവനമൊന്നും ലഭിക്കാതെയാണ് പണം കൈമാറിയെന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്.
L
ഇടപാടിൽ വീണയുടെ മൊഴി രേഖപ്പെടുത്തേണ്ടതുമുണ്ട്. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരായത്. സി.എം.ആർ.എൽ 2013-14 സാമ്പത്തികവർഷം മുതൽ 2019-20 സാമ്പത്തികവർഷം വരെ കാലയളവിൽ 135 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് കണ്ടത്തിയിരുന്നു. ഇതിൽ 95 കോടി രൂപ ചില രാഷ്ട്രീയപാർട്ടികൾക്കും വ്യക്തികൾക്കും കൈമാറിയതായാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച വിശദീകരണവും ഇ.ഡി തേടി.