ന്യൂഡൽഹി: ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നു. ഒന്നാം റാങ്ക് രണ്ടു പേർ ചേർന്ന് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള പ്രബഞ്ജനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിക്കുമാണ് ഒന്നാം റാങ്ക്. തമിഴ്‌നാട് സ്വദേശി കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. കേരളത്തിൽ ഒന്നാമതെത്തിയത് 23–ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ്.ആര്യയാണ്. ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികളാണ്
പരീക്ഷ എഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ യോഗ്യത നേടിയത്–1.39 ലക്ഷം പേർ. രണ്ടാം സ്ഥാനം മഹാരാഷ്ട്ര ( 1.31 ലക്ഷം)യ്ക്കും മൂന്നാം സ്ഥാനം രാജസ്ഥാനുമാണ് ( ഒരു ലക്ഷം).
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം https://neet.nta.nic.in എന്ന ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ഈ പരീക്ഷാഫലത്തിന് പുതിയ വ്യവസ്ഥകൾ ബാധകമല്ല. ഒരേ മാർക്കു വന്നാൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന മുൻഗണനാക്രമത്തിൽ മാർക്ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക. 3 വിഷയങ്ങളിലും ഒരേ മാർക്കാണെങ്കിൽ ഇതേ ക്രമത്തിൽ ഓരോ വിഷയത്തിലും ശരിയുത്തരങ്ങളുടെ അനുപാതം കൂടുതലുള്ളയാൾക്ക് ഉയർന്ന റാങ്ക് നൽകും.
നീറ്റ്–യുജി പരീക്ഷാ നടത്തിപ്പ്, കൗൺസലിങ്, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതൽ എൻഎംസിക്കു കീഴിലെ യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡിന്റെ (യുജിഎംഇബി) നേതൃത്വത്തിലായിരിക്കും. ഇക്കൊല്ലം വരെ പരീക്ഷാ നടത്തിപ്പ് നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) ആയിരുന്നു