ന്യൂഡൽഹി: ഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ ബിജെപി – കോണ്‍ഗ്രസ് വാക്പോര്. പേരു മാറ്റാനുള്ള നീക്കം രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പൈതൃകത്തിനു കളങ്കമേൽപ്പിക്കാനുള്ള ശ്രമമാണെന്നു കോൺഗ്രസ് പറഞ്ഞു. എന്നാൽ കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരായാണു പേര് മാറ്റിയതെന്നു ബിജെപി തിരിച്ചടിച്ചു.
ഡൽഹിയിലെ തീൻ മൂർത്തി മാർഗിലുള്ള നെഹ്റു മ്യൂസിയം, ‘പ്രൈംമിനിസ്റ്റേർസ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്നാണ് പുനർനാമകരണം ചെയ്തത്. പേരു മാറ്റാനുള്ള തീരുമാനം ജൂണിലാണ് സർക്കാർ കൈക്കൊണ്ടത്.
പേര് മാറ്റുന്നതിനു പിന്നിൽ ബിജെപിയുടെ അൽപത്തരമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേഷാണ് വാക്പോരിന് തുടക്കമിട്ടത്. നെഹ്റുവിന്റെ പൈതൃകത്തെ ഇതിലൂടെ തകർക്കാനാവില്ലെന്നും, വരും തലമുറകളും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പ്രചോദനമുൾക്കൊള്ളുമെന്നും ജയറാം രമേഷ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. എന്നാൽ കോൺഗ്രസിന്റെ കുടുംബ വാഴ്ചയെ ഇല്ലാതാക്കാൻ മാത്രമാണ് പേരു മാറ്റമെന്നും ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ലെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പ്രതികരിച്ചു.
ബ്രിട്ടിഷ് ഭരണകാലത്ത് ഫ്ലാഗ്സ്റ്റാഫ് ഹൗസ് എന്നറിയപ്പെട്ടിരുന്ന കെട്ടിടം, ബ്രിട്ടിഷ് സൈന്യാധിപന്റെ വസതിയായി ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രി നെഹ്റുവിന്റെ വസതിയായിരുന്ന കെട്ടിടം, അദ്ദേഹത്തിന്റെ മരണാനന്തരം മ്യൂസിയമാക്കുകയായിരുന്നു.