മോസ്ക്കോ: വർഷങ്ങൾക്ക് ശേഷം യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന നിലപാട് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. യുക്രൈനെതിരായ യുദ്ധത്തിൽ നിലപാട് മയപ്പെടുത്തിയ പുടിൻ, യുദ്ധം അവസാനിപ്പിക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറെന്നും വ്യക്തമാക്കി. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുടിൻ, നിലപാട് മയപ്പെടുത്തിയത്. വർഷാവസാന ചോദ്യോത്തര സെഷനിലാണ് പുടിൻ തന്‍റെ പുതിയ നിലപാട് അറിയിച്ചത്.
അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ട്രംപ് മടങ്ങിയെത്തുന്നതിലെ സന്തോഷവും പുടിൻ പ്രകടമാക്കി. നാല് വർഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുടിൻ, ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്‍റാകുന്നതോടെ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. യുക്രൈൻ യുദ്ധത്തിലടക്കം ട്രംപുമായി ചർച്ചക്ക് റഷ്യ തയ്യാറാണെന്നും പുടിൻ വിവരിച്ചു.
നേരത്തെ അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ്, പുടിനുമായി ഫോണിൽ സംസാരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ട്രംപുമായി നാല് വർഷത്തോളമായി സംസാരിച്ചിട്ടെന്ന പുടിന്‍റെ വെളിപ്പെടുത്തൽ ഇത് തള്ളിക്കളയുന്നതാണ്. എന്തായാലും യുദ്ധത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന പുടിന്‍റെ പ്രഖ്യാപനം ലോകത്തെ സംബന്ധിച്ചടുത്തോളം വലിയ പ്രതീക്ഷ നൽകുന്നതാണ്. ട്രംപുമായുള്ള ചർച്ചക്ക് ശേഷമാണ് യുദ്ധം അവസാനിക്കുന്നതെങ്കിൽ അത് ട്രംപിനെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയമായ വലിയ നേട്ടമാകുകയും ചെയ്യും.