ന്യൂഡൽഹി: യമുനാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്ന് തുടങ്ങിയതോടെ ഡല്‍ഹി പ്രളയഭീതിയില്‍. യമുനയിലെ ജലനിരപ്പ് 207 മീറ്ററിനോട് അടുത്തു. ഹാത്നികുണ്ഡ് ബാരേജിൽ നിന്ന് തുറന്നു വിട്ട വെള്ളം ഡൽഹിയിലേക്ക് എത്തി തുടങ്ങിയതോടെയാണ് ജലനിരപ്പ് വര്‍ധിച്ചത്. ഇതോടെ ഓൾഡ് റെയിൽവെ ബ്രിജ് വഴിയുള്ള ഗതാഗതം നിർത്തിവച്ചു.
ട്രെയിനുകൾ ന്യൂഡൽഹി വഴിയാണ് തിരിച്ചുവിടുന്നത്. ഡൽഹി – ശാദ്ര റൂട്ടും താൽക്കാലികമായി അടച്ചു. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാൻ ഐ ടി ഒ ബാരേജിന്റെ എല്ലാ ഗേറ്റുകളും തുറക്കാനുള്ള ശ്രമം സൈന്യത്തിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്. രണ്ട് ഗേറ്റുകള്‍ നേരത്തെ തുറന്നിരുന്നു. ഡല്‍ഹിയില്‍ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനിടെ ഹിൻഡൻ നദി കരകവിഞ്ഞതോടെ യുപി നോയിഡയിലെയും ഗാസിയാബാദിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഹിമാചൽ പ്രദേശിൽ 27 വരെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തരാഖണ്ഡിലെ സീതാപൂരിൽ കുടുങ്ങിക്കിടന്ന നൂറോളം വിനോദസഞ്ചാരികളെ എസ്ഡിആർഎഫ് രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.