ലോകം ഭയക്കുന്ന ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ തയാറാക്കുമെന്ന് അവകാശവാദവുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മോഡേര്‍ണ. വിവിധ തരം ട്യൂമറുകള്‍ക്കുള്ള പേഴ്‌സണലൈഡ്‌സ് വാക്‌സിനുകള്‍ മോഡേര്‍ണ തയാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദത്തിന് മാത്രമല്ല ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളും പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ട്.
തങ്ങള്‍ നിര്‍മിക്കുന്ന വാക്‌സിനും മരുന്നുകളും 2030ഓടെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുമെന്ന് മോഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു. കൊവിഡ്, ഫ്‌ലൂ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്‌വി) എന്നിവയുള്‍പ്പെടെ ഒന്നിലധികം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്ന ഒരൊറ്റ കുത്തിവയ്പ്പ് വികസിപ്പിക്കാനും കമ്പനി ശ്രമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.