ലക്നോ: തിങ്കളാഴ്ച ആഗ്ര-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി കാണിക്കാനുള്ള മത്സരത്തിനിടെ ബി.ജെ.പിയുടെ ഇറ്റാവ എം.എൽ.എ സരിതാ ബദൗരിയ റെയിൽവേ ട്രാക്കിൽ വീണു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൈകുന്നേരം ആറു മണിയോടെ ട്രെയിൻ തുണ്ട്ലയിൽ എത്തിയപ്പോൾ തിരക്കേറിയ പ്ലാറ്റ്‌ഫോമിനിടയിലായിരുന്നു സംഭവം. 61കാരിയായ ബി.ജെ.പി എം.എൽ.എ പച്ചക്കൊടി പിടിച്ച് ഒരു കൂട്ടം ആളുകളുടെ ഇടയിൽ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിനിന്റെ വെർച്വൽ ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെ ആഗ്രയിൽനിന്ന് റെയിൽവേ മന്ത്രി രവ്‌നീത് സിങ് ബിട്ടു ഫ്ലാഗ് ഓഫ് ചെയ്തു. ഇറ്റാവ സ്റ്റേഷനിൽ എത്തുന്നതിനു മുമ്പ് ട്രെയിൻ തുണ്ട്ലയിൽ നിർത്തി. സമാജ്‌വാദി പാർട്ടി എം.പി ജിതേന്ദ്ര ദൗവാരെ, മുൻ ബി.ജെ.പി എം.പി രാം ശങ്കർ, നിലവിലെ എം.എൽ.എ സരിതാ ബദൗരിയ എന്നിവരുൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കൾ ഫ്ലാഗ് ഓഫിൽ പങ്കെടുക്കാൻ ഒത്തുകൂടിയതോടെ അവിടെ ബഹളവും തിക്കിത്തിരക്കും ഉണ്ടായി.
ട്രെയിനിന്റെ ഹോൺ പുറപ്പെടുന്നതിന്റെ സൂചന നൽകിയ ഉടൻ തടിച്ചുകൂടിയവരുമായുണ്ടായ സംഘർഷത്തിൽ എം.എൽ.എ പ്ലാറ്റ്‌ഫോമിൽനിന്ന് ട്രെയിനിനു തൊട്ടുമുന്നിലെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. സമീപത്തുടണ്ടായിരുന്നവർ യഥാസമയം ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ബദൗരിയയെ ഉടൻ തന്നെ പൊലീസ് ട്രാക്കിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പ്രത്യക്ഷത്തിൽ പരിക്കുകളൊന്നും ഇല്ലെന്നും ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണെന്നും ആന്തരികമായ മുറിവുകളുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും ബദൗരിയ പറഞ്ഞു.