തിരുവനന്തപുരം: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ജൂനിയർ ഡോക്ടർമാരുടെ സമരം. സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഒ പി പൂർണമായി ബഹിഷ്കരിച്ചും വാർഡ് ഡ്യൂട്ടി എടുക്കാതെയും പണിമുടക്കും.
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളിൽ നിന്ന് പിന്മാറിയും സമരം ശക്തമാക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കാൻ സർക്കാർ ഡോക്ടർമാരും തീരുമാനിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിനും നടത്തും.
അതേസമയം, പിജി ഡോക്ടറുടെ കൊലപാതകം നടന്ന ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് നിഷേധിച്ചു. കൊലപാതകം നടന്നത് സെമിനാര്‍ ഹാളിലാണെന്നും അവിടെ അക്രമങ്ങളുണ്ടായിട്ടില്ലെന്നും കൊല്‍ക്കത്ത പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് സമൂഹമാധ്യമമായ എക്‌സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് വനിതാ ഡോക്ടറെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ആശുപത്രിയുടെ നാലാം നില അടിച്ചുതകര്‍ത്തുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇത് നിഷേധിച്ചുകൊണ്ട് പൊലീസ് രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളുടെ ഒരു സംഘം കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അക്രമിക്കുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ആശുപത്രി പരിസരത്തെത്തിയ കൊല്‍ക്കത്ത പൊലീസ് മേധാവി വിനീത് ഗോയല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണമാണ് അക്രമ സംഭവങ്ങളുടെയെല്ലാം അടിസ്ഥാനമെന്നുമായിരുന്നു വിനീത് ഗോയലിന്റെ പ്രതികരണം.