Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷനൽ ലോക് ദൽ(ഐ.എൻ.എൽ.ഡി) ​നേതാവുമായ ഓം പ്രകാശ് ചൗതാല അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതം മൂലം ഗുരുഗ്രാമി​ലെ വസതിയിലായിരുന്നു അന്ത്യമെന്ന് പാർട്ടി വക്താവ് അറിയിച്ചു. പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തിയ ചൗതാല നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു.മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്.ഹരിയാനയിലെ സിർസയിലാണ് ചൗതാല ജനിച്ചത്. 1966ൽ ഹരിയാന സംസ്ഥാനം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് അദ്ദേഹത്തിന്റെ പിതാവ് ചൗധരി ദേവി ലാൽ. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം പിന്നീട് ഉപപ്രധാനമന്ത്രിപദവും വഹിച്ചു. സ്കൂൾ പഠനകാലത്തേ രാഷ്ട്രീയത്തിൽ ആകൃഷ്ടനായിരുന്നു ചൗതാല. പിന്നീട് പഠനം തുടർന്നില്ല. ജയിൽ വാസകാലത്താണ് ചൗതാല 10, 12 പരീക്ഷകൾ പാസായത്.

വിവാദങ്ങൾ നിറഞ്ഞതാണ് ചൗതാലയുടെ ആദ്യകാല രാഷ്ട്രീയ ജീവിതം. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സജീവമായി ഇടപെട്ടിരുന്നു ചൗതാല. അദ്ദേഹം വോട്ട് ചെയ്യാനെത്തിയ ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഒക്ടോബർ അഞ്ചിനായിരുന്നു തെരഞ്ഞെടുപ്പ്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതി​ക്കേസിൽ 10 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. അക്കാലത്ത് തിഹാർ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരനായിരുന്നു ചൗതാല. 2013ലാണ്​ 3206 അധ്യാപകരെ അനധികൃതമായി നിയമിച്ച കേസിൽ ഓംപ്രകാശ് ചൗതാല, മകൻ അജയ്​ ചൗതാല, ഐ.എ.എസ്​ ഉദ്യേഗസ്​ഥൻ ഉൾപ്പെടെ 53 പേരെ​ സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചത്​. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ജയിൽ ശിക്ഷ അനുഭവിച്ചു.

1987ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചൗതാല 1990 വരെ സേവനമനുഷ്ഠിച്ചു. 1989 ഡിസംബറിലാണ് ഹരിയാന മുഖ്യമന്ത്രിയായി. പിതാവ് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തതിനാൽ സ്ഥാനമൊഴിഞ്ഞതിനാലായിരുന്നു അത്. എന്നാൽ ആറുമാസത്തിനുള്ളിൽ അദ്ദേഹത്തിന് നിയമസഭയിൽ കേവലഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ല. തുടർന്ന് 1990 മേയിൽ സ്ഥാനമൊഴിഞ്ഞു. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഹ്രസ്വ കാലത്തേക്ക് വീണ്ടും മുഖ്യമന്ത്രിയായി.

1993 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ചൗതാല നിയമസഭയിലെത്തി. 1995ൽ, ഹരിയാനയിലെ ജലം അയൽ സംസ്ഥാനങ്ങളുമായി പങ്കിടാനുള്ള കരാറിൽ പ്രതിഷേധിച്ച് രാജിവച്ചു. 1996ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടിയ ചൗട്ടാല പ്രതിപക്ഷ നേതാവായി. 1998ൽ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) രൂപീകരിച്ചു. 1999 ൽ ഹരിയാന വികാസ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ചൗതാല നാലാം തവണയും മുഖ്യമന്ത്രിയായി.ഓം പ്രകാശ് ചൗതാലയുടെ ഭാര്യ സ്നേഹ് ലത 2019ൽ അന്തരിച്ചിരുന്നു. മൂന്നു പെൺമക്കളും രണ്ട് ആൺമക്കളുമാണ് ദമ്പതികൾക്ക്. അഭയ് സിങ് ചൗതാല എം.എൽ.എയാണ്. ചൗതാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗതാലയാണ് നിലവിൽ ഹരിയാന ഉപമുഖ്യമന്ത്രി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com