ജയ്പൂർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ജയ്പൂരിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സോണിയയുടെ പരാമർശം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി തങ്ങളുടെ പക്ഷത്തേക്ക് ചേർക്കുകയാണെന്നും സോണിയ ആരോപിച്ചു.
‘നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം ഇന്ന് അപകടകരമായ സ്ഥിതിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നു. ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുകയാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, രാജ്യത്തുണ്ടാകുന്ന അതിക്രമങ്ങൾ എന്നിവ നേരിടാൻ ഒന്നും ചെയ്യാത്ത സർക്കാരാണ് കഴിഞ്ഞ 10 വർഷമായി രാജ്യം ഭരിക്കുന്നത്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. അനീതിയുടെ ഇരുട്ടാണ് എല്ലായിടത്തും. ബിജെപിക്കെതിരായ യുദ്ധത്തിൽ എല്ലാ വോട്ടർമാരും അണിചേരണം’ – സോണിയ ഗാന്ധി പറഞ്ഞു.
ഇവിഎമ്മിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത കാലമാണ് ഇതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ആരംഭിച്ച സ്ഥാപനങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുകയാണ്. തൊഴിലില്ലായ്മ തുടച്ചുനീക്കാൻ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും മോദി സർക്കാർ നിറവേറ്റിയിട്ടില്ല. കർഷകർ തെരുവിൽ സമരം ചെയ്യുകയാണ്. എന്നാൽ അവരെ ശ്രദ്ധിക്കാൻ മോദിക്ക് സമയമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.