Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹർജി പിൻവലിച്ചാൽ വായ്പയെന്ന് കേന്ദ്രം; പിൻവലിക്കില്ല, അർഹതപ്പെട്ടതെന്ന് കേരളം

ഹർജി പിൻവലിച്ചാൽ വായ്പയെന്ന് കേന്ദ്രം; പിൻവലിക്കില്ല, അർഹതപ്പെട്ടതെന്ന് കേരളം

ദില്ലി: കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സർക്കാർ. വിഷയത്തിൽ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു. കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇരുപക്ഷത്തിൽ നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കിൽ മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കാനാകൂ എന്നും കേന്ദ്രം പറഞ്ഞതായി കേരളം കോടതിയിൽ അറിയിച്ചു. എന്നാൽ കേരളം ഉന്നയിക്കുന്നത് മുഴുവൻ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ചർച്ചകൾ തുടർന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥൻ പറഞ്ഞപ്പോൾ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തുടർന്ന് മാർച്ച് 6,7 തീയതികളിൽ വാദം കേൾക്കുന്നതിനായി ഹർജി മാറ്റി. വിഷയത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചർച്ചയ്ക്ക് സാധ്യത ഉണ്ടെങ്കിൽ നോക്കണമെന്നും കോടതി നിർദേശിച്ചു.

കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചർച്ച പരാജയമായിരുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയിൽ പങ്കെടുത്തതിൽ നിന്നും വ്യക്തമായത്. കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടി. കേസ് സുപ്രീം കോടതിയിൽ നിൽക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

കേസ് കൊടുത്തതിൽ കേന്ദ്രത്തിന് ഈഗോ പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ല. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഇനി എന്ത് നിലപാട് അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു. ചർച്ച നേട്ടമായില്ല. കോടതിയിൽ കേസ് നിൽക്കുമ്പോൾ എങ്ങനെ ചർച്ച ചെയ്യും തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ചയിലുടനീളം സ്വീകരിച്ചത്. കേസ് പിൻവലിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ദില്ലിയിൽ ചർച്ച നടത്തിയത്. ചർച്ചയിൽ ധന മന്ത്രി നിർമല സീതാരാമൻ പങ്കെടുത്തിരുന്നില്ല. ധനകാര്യ സെക്രട്ടറി, സോളിസിറ്റർ ജനറൽ ഉൾപ്പെടെ ചർച്ചയിൽ കേന്ദ്രത്തിനായി പങ്കെടുത്തു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് വിഷയത്തിൽ ഇരു വിഭാഗവും ചർച്ച നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments