പമ്പ: ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണമെന്ന പേരിൽ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സർക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിലാണ് കെ സി വേണുഗോപാൽ എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാൻ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാർത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പമ്പയിലേക്ക് കാലുകുത്താൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയർത്തു പോകുമെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.



