കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടി മലബാര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനം ഉന്നയിച്ച ശേഷമായിരുന്നു ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ഇത്തരത്തില്‍ ഒരു ഉത്തരവ് എന്തിന് പുറപ്പെടുവിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. ക്ഷേത്ര ഫണ്ടില്‍ നിന്ന് എന്തിന് പണം ചെലവഴിക്കണമെന്നും ഹൈക്കോടതി ആഞ്ഞടിച്ചു.മലബാര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ കാഞ്ഞങ്ങാട് സ്വദേശി എ വി രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ തനത് ഫണ്ട് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. മലബാര്‍ ദേവസ്വം ബോര്‍ഡ് വലിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു. ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ജസ്റ്റിസ് രാജാ വിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നേട്ടീസ് അയച്ചു.



