ന്യൂഡൽഹി : ഇന്ത്യ – യുഎസ് വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സെപ്റ്റംബർ 22ന് യുഎസ് സന്ദർശിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള വ്യാപാര ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് പ്രതിനിധി സംഘം യുഎസ് സന്ദർശിക്കുന്നത്.
വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. യുഎസുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര ചർച്ചകളില്‍ തുടർന്നുള്ള സഹകരണവും ഇന്ത്യ ലക്ഷ്യമിടുന്നതായും മന്ത്രാലയം അറിയിച്ചു.



