ദോഹ: ഖത്തറിലെ കായിക പ്രേമികൾക്ക് ആവേശമായി അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന് വീണ്ടും ദോഹ ഒരുങ്ങുന്നു. ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഔദ്യോഗിക സ്‌പോൺസറായ ഓൾഡ് ദോഹ തുറമുഖത്താണ് ചാമ്പ്യൻഷിപ്പ്. ദോഹ മറൈൻ സ്‌പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖത്തറിലേക്ക് വീണ്ടുമെത്തുന്നത്.ഇരുപത്തൊന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. യു.ഐ.എംഎ.ബി.പി വേൾഡ് ചാമ്പ്യൻഷിപ്പ് (ഫൈനൽ റൗണ്ട്), കോണ്ടിനെന്റൽ ഏഷ്യ ചാമ്പ്യൻഷിപ്പ് (ഫൈനൽ റൗണ്ട്), വേൾഡ് സ്ലാലോം പാരലൽ ചാമ്പ്യൻഷിപ്പ് (രണ്ടാം റൗണ്ട്), കോണ്ടിനെന്റൽ ഏഷ്യ റൺഎബൗട്ട് ഗ്രാൻഡ് പിക്‌സ്2 ചാമ്പ്യൻഷിപ്പ് എന്നിങ്ങനെ നിരവധി പ്രാഥമിക ഘട്ടങ്ങളുമുണ്ടാകും. ഓൾഡ് ദോഹ തുറമുഖം സീസൺ ഫിനാലെയുടെ വേദിയാകും. മൂന്ന് ദിവസത്തെ ആവേശകരമായ പരിപാടികളുമായായിരിക്കും ചാമ്പ്യൻഷിപ്പ് ഫിനാലെ നടക്കുക.ആഗോള സമുദ്ര ടൂറിസത്തിലെ മുൻനിര ലക്ഷ്യസ്ഥാനമായി ഓൾഡ് ദോഹ തുറമുഖത്തെയും ഖത്തറിനെയും മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതെന്ന് ഓൾഡ് ദോഹ തുറമുഖം സിഇഒ എഞ്ചിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു.



