പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യം
………………………………………………………..
കൊച്ചി : ലോയേഴ്‌സ് കോൺഗ്രസ് മുൻ നേതാവ് അഡ്വ. വി.എസ്.ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിയായ നടി നൽകിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടി നൽകിയ പരാതി വ്യാജമെന്നു വ്യക്തമാക്കി പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിലാണ് റഫർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നടിയുടെ പരാതിക്ക് കാരണം മുൻവൈരാഗ്യമാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. നടിയുടെ തെറ്റായ ആരോപണത്തിന്റെ പുറത്ത് എടുത്ത കേസ് അവസാനിപ്പിക്കണമെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
നടന്മാരടക്കം ഏഴു പേർക്കെതിരെ നടി ലൈംഗികാതിക്ര പരാതി നൽകിയിരുന്നു. ഇതിലാണ് ചന്ദ്രശേഖരന്റെ പേരും ഉൾപ്പെട്ടിരുന്നത്. ‘ശുദ്ധരിൽ ശുദ്ധൻ’ എന്ന സിനിമയിൽ അഭിനയിക്കാൻ ചന്ദ്രശേഖരന് അവസരം കിട്ടിയത് നടി വഴിയാണെങ്കിലും ചിത്രീകരണ സമയത്ത് നടിയെ സംവിധായകൻ ഒഴിവാക്കി. എന്നാൽ നടിക്ക് അനുകൂലമായി ചന്ദ്രശേഖരൻ നിലപാട് സ്വീകരിച്ചില്ല.
മാത്രമല്ല, പിന്നീട് താൻ അഭിനയിച്ച സിനിമകളിലൊന്നിലും റോൾ കിട്ടാൻ നടിയെ ചന്ദ്രശേഖരൻ സഹായിച്ചില്ല. ഈ കാരണങ്ങൾ മൂലം നടിക്ക് ചന്ദ്രശേഖരനോട് വിരോധമുണ്ടായിരുന്നതിനാൽ തെറ്റായ ആരോപണം ഉന്നയിക്കുകയായിരുന്നു എന്ന് പൊലീസിന്റെ റിപ്പോർട്ട് പറയുന്നു.
ഒന്നാം പ്രതിയായി ചേർത്തിരിക്കുന്ന സിനിമാ നിർമാതാവ് തന്നെ പീഡിപ്പിച്ചെന്നും ചന്ദ്രശേഖരൻ ഇതിന് ഒത്താശ ചെയ്തുകൊടുത്തു എന്നുമാണ് കേസ്. എന്നാൽ നിർമാതാവ് ആരാണ് എന്നതടക്കം പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും വിശ്വാസ്യതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൊഴികളിൽ സ്ഥിരതയില്ല, മൊഴികളിൽ ഗൗരവകരമായ വൈരുധ്യങ്ങളുണ്ട് തുടങ്ങിയ കാരണങ്ങളാൽ നടിയെ വിശ്വാസ്യതയുള്ള സാക്ഷിയായി കണക്കാക്കാൻ കഴിയില്ല എന്ന് റിപ്പോർട്ട് പറയുന്നു.



