കുവൈത്ത് സിറ്റി: യാത്രക്കാരെ വട്ടംകറക്കി വീണ്ടും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദാക്കി. വെള്ളിയാഴ്ച കോഴിക്കോട്-കുവൈത്ത്, കുവൈത്ത് -കോഴിക്കോട് സർവീസുകൾ പൂർണമായി മുടങ്ങി. വ്യാഴാഴ്ച കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയിരുന്നു. വ്യാഴാഴ്ച മുടങ്ങിയ സർവീസ് വെള്ളിയാഴ്ച 12.55ന് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. പിന്നീട് സമയം 2.30 ആയി മാറ്റിയെങ്കിലും അവസാനം വിമാനം റദ്ദാക്കിയതായി അറിയിച്ചു.
തുടർച്ചയായി രണ്ട് ദിവസം സർവീസ് മുടങ്ങിയത് യാത്രക്കാരെ വെട്ടിലാക്കി. ശനിയാഴ്ചയും സർവീസ് ഇല്ല. അടുത്ത സർവീസ് ഞായറാഴ്ചയാണ്. ചുരുങ്ങിയ അവധിക്ക് നാട്ടിലേക്കു പോകാനിരുന്നവർക്ക് മറ്റ് വിമാനങ്ങൾ ആശ്രയിക്കേണ്ടിവന്നു. കോഴിക്കോട് നേരിട്ടുള്ള സർവീസ് എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമായതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായി



