ഹൈദരാബാദ്: പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കുള്ള സംവരണം പൂർണമായും ഇല്ലാതാക്കാൻ ബി.ജെ.പി പദ്ധതിയിടുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ആർ.എസ്.എസിന്‍റെ ശതാബ്ദി വർഷമായ 2025 ഓടെ ബി.ജെ.പി സംവരണം ഇല്ലാതാക്കുമെന്ന് രേവന്ത് റെഡ്ഡി അവകാശപ്പെട്ടു.”2025 ഓടെ ആർ.എസ്.എസ് 100 വർഷം പൂർത്തിയാക്കും. 2025 ഓടെ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. സംവരണത്തെക്കുറിച്ച് പലതവണ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്” -രേവന്ത് റെഡ്ഡി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നിർദ്ദേശിക്കുന്ന മണ്ഡല് കമീഷൻ റിപോർട്ട് നടപ്പാക്കുന്നത് ബി.ജെ.പി മുമ്പ് നിർത്തിവച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌സി, എസ്ടി, ബിസി വിഭാഗങ്ങൾക്കുള്ള ക്വാട്ട ഇല്ലാതാക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
ബുധനാഴ്ച മധ്യപ്രദേശിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തെ തുടർന്നാണ് റെഡ്ഡിയുടെ പ്രസ്താവന. തെലങ്കാനയിലെ കോൺഗ്രസ് മുഖ്യമന്ത്രി മുസ്ലിംകൾക്ക് സംവരണം ഉറപ്പാക്കും എന്ന് പറഞ്ഞ് രേവന്ത് റെഡ്ഡിക്കെതിരെയും മോദി സംസാരിച്ചിരുന്നു.എസ്.സി, എസ്.ടി, ഒ.ബി.സികളിൽ നിന്ന് സംവരണം തട്ടിയെടുത്ത് തങ്ങളുടെ ‘പ്രത്യേക വോട്ട് ബാങ്കിന്’ നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തിൽ സംവരണ നയങ്ങൾ രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.