ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയ സി.പി.എം നേതാവ് ഇ.പി ജയരാജനാണെന്ന് കെ. സുധാകരൻ ആരോപിക്കുകയും ഇത് ഇ.പി. ജയാരജൻ തള്ളുകയും ചെയ്തതിന് പിന്നാലെ, ആരോപണം സ്ഥിരീകരിച്ച് ശോഭ സുരേന്ദ്രൻ രംഗത്ത്. ഇ.പി. ജയരാജന്‍റെ മകൻ അയച്ച വാട്സ്ആപ് സന്ദേശമുണ്ടെന്നും ശോഭ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇ.പി ജയരാജൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച് 90 ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ ഭയപ്പെട്ട് പിന്മാറിയതാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ചില്ലറ ഭീഷണി ആയിരിക്കില്ല വന്നത്. സ്വന്തം പ്രസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നവർക്ക് പോലും ക്വട്ടേഷൻ കൊടുക്കാൻ മടിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെയും ആ സംഘടനയെയും ഭയപ്പെട്ടതുകൊണ്ടാണ് ജയരാജൻ ഒളിച്ചോടിയതെന്നും അവർ കുറ്റപ്പെടുത്തി.
ജയരാജന്‍റെ മകന്‍റെ കൈയിലുള്ള ഫോണിൽനിന്ന് അയച്ച വാട്സ്ആപ് സന്ദേശം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ജയരാജന്‍റെ മക്കൾക്ക് ശോഭ സുരേന്ദ്രന് മെസ്സേജ് അയക്കേണ്ട കാര്യമെന്താണെന്നും അവർ ചോദിച്ചു.