പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെയാണ് മുഖ്യ വരണാധികാരി കൂടിയായ കളക്ടർ സസ്‌പെൻഡ് ചെയ്തത്.എന്നാൽ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആന്റോ ആൻറണി ആവശ്യപ്പെട്ടു.
പോളിംഗ് ദിവസം ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് എവിടെയാണ് ഡ്യൂട്ടി എന്നും ആരാണ് ഒപ്പം ഡ്യൂട്ടി ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ കൈപ്പറ്റുന്ന ദിവസം മാത്രമേ അറിയാൻ കഴിയു.ഈ ലിസ്റ്റ് ആണ് ഇന്നലെ ചോർന്നത് -ലിസ്റ്റ് ഡിസ്ട്രിബ്യൂഷൻ സെൻററിൽ ഫ്‌ലക്‌സ് ബോർഡ് അടിക്കാൻ അയച്ചു കൊടുക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മാറി അയക്കുകയായിരുന്നു എന്നാണ് വിശദീകരണം . പക്ഷേ സിപിഐഎമ്മിന് കള്ളവോട്ട് നടത്താൻ ജില്ലാ ഭരണകൂടം ഒത്താശ ചെയ്യുകയാണെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി ആരോപിച്ചത്.
രാവിലെ കളക്ടറേറ്റിൽ എത്തി പരാതി കൈമാറിയശേഷം സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു .ഇതിനിടെ ലിസ്റ്റ് ഫ്‌ലക്‌സ് ബോർഡ് അടിക്കാൻ നൽകിയ ഉദ്യോഗസ്ഥനായ കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലർക്ക് യദുകൃഷ്ണനെ വിളിച്ചുവരുത്തി ജില്ലാ കളക്ടർ മൊഴിയെടുത്തു .പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്ത ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ .
ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ലിസ്റ്റ് മാറ്റിയെന്നും ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.