വയനാട്ടിൽ കൂടുതൽ കിറ്റുകൾ പിടിടച്ചെടുത്തു. ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നാണ് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. 167 കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. ബിജെപി പ്രാദേശിക നേതാവ് വികെ ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്. കിറ്റുകൾ സേവാഭാരതിയുടേതാണെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.
450 രൂപ വില വരുന്ന കിറ്റുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ ഇവിടെ എത്തിയത് എന്നതിൽ അന്വേഷണം നടക്കും. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം കിറ്റുകൾ വിതരണം ചെയ്ത് വോട്ട് സ്വാധീനിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കുറ്റപ്പെടുത്തി.
കിറ്റ് സേവാഭാരിതയുടേതാണെന്നും വിഷുവിന് വിതരണം ചെയ്യാൻ വെച്ചിരുന്ന കിറ്റായിരുന്നുവെന്നും ബിജെപി മണ്ഡലം ട്രഷറർ വേണുഗോപാൽ പറഞ്ഞു. വിഷു കഴിഞ്ഞ് കിറ്റ് കിട്ടിയതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിതരണം ചെയ്താൽ മതിയെന്ന് സേവാഭാരതി നിർദേശം നൽകി. തുടർന്നാണ് വികെ ശശിയുടെ വീട്ടിൽ കിറ്റ് സൂക്ഷിച്ചതെന്ന് വേണുഗോപാൽ പറഞ്ഞു. പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കൂടുതൽ കിറ്റുകൾ പിടിച്ചിരിക്കുന്നത്. ഓരോന്നും 5 കിലോ വീതമെങ്കിലും തൂക്കം വരുന്നതാണ്. 11 സാധനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്.
നേരത്തെ വയനാട് ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ 1500ഓളം കിറ്റുകൾ പിടിച്ചെടുത്തിരുന്നു.ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് കിറ്റുകൾ എത്തിച്ചതെന്നാണ് പൊലീസ് സംശയം.