കണ്ണൂർ: പയ്യന്നൂരിൽ ബൂത്ത് പിടിച്ചെടുക്കാൻ സി.പി.എം ശ്രമമെന്ന് യു.ഡി.എഫ് പരാതി. കാസർകോട് ലോക്സഭ മണ്ഡലത്തിൽ പെട്ട പയ്യന്നൂർ നഗരസഭയിലെ 78ാമത്തെ ബൂത്തായ അന്നൂര്‍ എ.യു.പി സ്‌കൂളിലാണ് സംഭവം. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന യു.ഡി.എഫ് ബൂത്ത് ഏജന്റിനെ മർദിച്ച് ഇറക്കിവിടാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചെന്നാണ് പരാതി. എന്നാൽ, ഇദ്ദേഹം ഇറങ്ങിപ്പോയില്ല. തുടർന്ന് തമ്മിൽ വാക്കേറ്റമായി.
മുതിർന്ന സി.പി.എം.നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെയാണ് സാധാരണ നിലയിലേക്ക് മാറിയത്. കള്ളവോട്ട് എതിർത്തതാണ് മർദനത്തിന് കാരണമെന്ന് യു.ഡി.എഫ് ആരോപിച്ചു. തങ്ങളുടെ രണ്ട് പ്രവർത്തകർക്ക് മർദനമേറ്റതായും ഇവർ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയതായും എൽ.ഡി.ഫ് നേതാക്കൾ അറിയിച്ചു. സംഭവമറിഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ സ്ഥലത്തെത്തി. ബൂത്ത് പിടിക്കാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.