കോഴിക്കോട് : വാശിയേറിയ മൽസരം നടക്കുന്ന വടകര മണ്ഡലത്തിൽ തുടക്കം മുതൽ കനത്ത പോളിങ്. വോട്ടെടുപ്പ് ഉച്ചയിലെത്തിയപ്പോൾ വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നീണ്ടനിര. നാദാപുരമടക്കമുള്ള മേഖലകളിൽ വെള്ളിയാഴ്ച നിസ്കാര സമയം പരിഗണിച്ച് ആളുകൾ അതിരാവിലെ വോട്ട് ചെയ്യാനെത്തി. ഉച്ചക്ക് 2.15ന് വടകരയിലെ വോട്ടിങ്ങ് 45.73 ശതമാനം കടന്നു. രാവിലെ ഏഴിനാണ് വോട്ടിങ് തുടങ്ങിയതെങ്കിലും ആറു മണിയോടെ വോട്ടർമാർ വരി നിൽക്കുന്നുണ്ടായിരുന്നു.
വോട്ടു ചെയ്ത ശേഷം പാലക്കാട്ടുനിന്നു പത്തു മണിയോടെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വടകരയിലെത്തി ബൂത്തുകൾ സന്ദർശിച്ചു. മട്ടന്നൂരിൽ വോട്ട് ചെയ്ത ശേഷം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയും വടകരയിലെത്തി. ശക്തമായ പോളിങ്ങാണ് നടക്കുന്നതെന്നും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു. എടച്ചേരി നരിച്ചാൽ യു.പി സ്കൂളിലെ ബൂത്തിൽ സന്ദർശനം നടത്തുകയായിരുന്നു ശൈലജ. തുടർന്ന് പുറമേരി കടത്തനാട് രാജ സ്കൂളിലും സന്ദർശനം നടത്തി.മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാൽ മാപ്പിള എൽ.പി സ്കൂളിൽ വോട്ടു ചെയ്തു. തിരഞ്ഞെടുപ്പിൽ കേന്ദ്ര, സംസ്ഥാന തലങ്ങളിലെ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇ.പി.ജയരാജൻ ചർച്ച നടത്തിയ സംഭവം പുറത്തുവന്നതോടെ ബി.ജെ.പി -സി.പി.എം രഹസ്യബന്ധം പുറത്തുവന്നതായും അദ്ദേഹം ആരോപിച്ചു.