ഉത്തർപദേശിൽ അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന ശേഷമായിരിക്കും പ്രഖ്യാപനം.
വയനാട് എംപിയായ രാഹുൽ ഗാന്ധി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്. ഇതിനൊപ്പം അമേഠിയിൽ കൂടി രാഹുൽ മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. പ്രിയങ്ക ഗാന്ധി ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. റായ്ബറേലിയിലും അമേഠിയിലും മത്സരിക്കണമെന്ന് കോൺഗ്രസ് ഉത്തർപ്രദേശ് സംസ്ഥാന ഘടകം ഇരുവരോടും നിർദ്ദേശിച്ചിരുന്നു.
2004 മുതൽ 2014 വരെ മൂന്ന് തവണ അമേഠിയിയെ പ്രതിനിധീകരിച്ച് വിജയിച്ച രാഹുൽ 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. അതേവർഷം വയനാട്ടിൽ കൂടി മത്സരിച്ച രാഹുൽ വയനാട്ടിൽ വിജയിച്ചു. സോണിയ ഗാന്ധിയാണ് റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2004 മുതൽ 2019 വരെ റായ്ബറേലിയിൽ നിന്ന് വിജയിച്ച സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ സീറ്റിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക.