നെല്ലൂർ: മുസ്ലിംകൾക്ക് എല്ലാം വാരിക്കോരി കൊടുക്കുന്നവരാണ് കോൺഗ്രസ് എന്ന് പച്ചക്ക് വർഗീയത പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ, ഇങ്ങ് ആന്ധ്രപ്രദേശിൽ ബി.ജെ.പി സഖ്യകക്ഷിയുടെ ‘മുസ്ലിംപ്രീണനം’. ആന്ധ്രയിൽ എൻ.ഡി.എ സഖ്യം അധികാരത്തിൽ വന്നാൽ മുസ്ലിംകൾക്ക് ഹജ്ജ് കർമത്തിനായി ലക്ഷം രൂപ സഹായം നൽകുമെന്ന് ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവാണ് പ്രഖ്യാപിച്ചത്. ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രയിൽ, നെല്ലൂരിൽ മുസ്ലിം വിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് നായിഡു പുതിയ വാഗ്ദാനം മുന്നോട്ടുവെച്ചത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ടി.ഡി.പിയും ജനസേനയും.
സംസ്ഥാനത്തെ ഒരു മുസ്ലിം ആഘോഷത്തിന് സംസ്ഥാന ആഘോഷ പദവി നൽകിയത് മുമ്പത്തെ ടി.ഡി.പി സർക്കാറാണെന്നും നായിഡു അവകാശപ്പെട്ടു. രാജ്യത്തെ മറ്റിടങ്ങളിലെ മുസ്ലിംകളേക്കാൾ ഹൈദരാബാദ് മുസ്ലിംകൾ ഏറെ മുന്നിലാണെന്നും ഇത് തന്റെ പാർട്ടിയുടെ നയങ്ങൾ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.