മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്നു. ഇന്‍ഡോര്‍ സ്ഥാനാര്‍ത്ഥിയായ അക്ഷയ്ബാം പത്രിക പിന്‍വലിച്ച ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇൻഡോർ ലോക്‌സഭാ സീറ്റിൽ സിറ്റിംഗ് എംപി ശങ്കർ ലാൽവാനിക്കെതിരെ കോൺഗ്രസ് ബാമിനെ രംഗത്തിറക്കിയിരുന്നു. ബിജെപി എംഎൽഎ രമേശ് മെൻഡോളയ്‌ക്കൊപ്പം കളക്ടറേറ്റിലെത്തി തിങ്കളാഴ്ചയാണ് അക്ഷയ് കാന്തി പത്രിക പിൻവലിച്ചത്.
ബാമിന്റെ വരവ് സ്വാഗതം ചെയ്ത് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ രംഗത്തെത്തി. ‘പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദ, മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന പ്രസിഡൻ്റ് വിഡി ശർമ എന്നിവരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാമിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.’ കൈലാഷ് വിജയവർഗിയ എക്സിൽ കുറിച്ചു.
ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അക്ഷയ് ബാമിന്റെ കൂറുമാറ്റം. സൂറത്തിൽ എതിർ സ്ഥാനാർത്ഥികളുടെ പത്രിക സാങ്കേതിക കാരണത്താൽ തള്ളിപ്പോയതൊടെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് കളം ഒരുങ്ങുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക ഒപ്പിലെ പൊരുത്തക്കേടു കൊണ്ടാണ് അസാധുവായത്. ഇത് കൂടാതെ ബിഎസ്പി അടക്കം മറ്റ് എട്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തു.