Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്നത്തെ സിപിഎം നാളെത്തെ ബിജെപി'; ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജന്‍സിയെപോലെ പ്രവര്‍ത്തിക്കുവെന്ന് കെ സുധാകരൻ

ഇന്നത്തെ സിപിഎം നാളെത്തെ ബിജെപി’; ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജന്‍സിയെപോലെ പ്രവര്‍ത്തിക്കുവെന്ന് കെ സുധാകരൻ

കണ്ണൂര്‍: ബിജെപി സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് അവരുടെ നേതാവ് പ്രകാശ് ജാവദേക്കറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ നടപടിയെടുക്കാതെ പൂര്‍ണ്ണ സംരക്ഷണം ഒരുക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇപിക്കെതിരെ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ട്ടി സെക്രട്ടറിയെ കൊണ്ട് പറയിപ്പിച്ചത്. 

ശിവനോട് പാപി ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന് പറഞ്ഞവര്‍ ഇപ്പോഴത് വിഴുങ്ങി. കാരണം ഉള്‍പ്പാര്‍ട്ടി രഹസ്യങ്ങളറിയുന്നയാള്‍ പാപിയായാല്‍ ശിവന്‍ മാത്രമല്ല മൊത്തം കൈലാസവും പാപമുക്തമാണെന്ന് വിശ്വസിക്കുന്ന ഭീരുക്കളായ വിഡ്ഢികളാണ് സിപിഎമ്മിനെ നയിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. ഇന്നത്തെ സിപിഎം നാളെത്തെ ബിജെപിയാണ്. ബംഗാളിലും ത്രിപുരയിലും നടന്നതിന്റെ ആവര്‍ത്തനം കേരള സിപിഎം ഘടകത്തിലും വൈകാതെ ഉണ്ടാകും.

സിപിഎമ്മില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച വി എസ് അച്യുതാനന്ദനെ അരിഞ്ഞ് വീഴുത്താന്‍ എകെജി സെന്ററിന്റെ അകത്തളത്തില്‍ ഗര്‍ജിച്ച പലരും ഇന്ന് സ്വന്തം നേതാക്കളുടെ ബിജെപി ബാന്ധവത്തില്‍ പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ കഴിയാത്ത ഗതികേടിലാണ്.  ഇന്ത്യ സംഖ്യത്തിനെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേയും മുഖ്യമന്ത്രിയും സിപിഎമ്മും തിരിഞ്ഞതിന്റെ അകം പൊരുള്‍ തെളിഞ്ഞതും ഇപ്പോഴാണ്. 

കമ്യൂണിസ്റ്റ് സിദ്ധാന്തവും പ്രത്യയശാസ്ത്രവും വില്‍പ്പനചരക്കാക്കിയ നേതൃത്വമാണ് കേരളത്തില്‍ സിപിഎമ്മിന്റേത്. ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സിപിഎമ്മിന്റെ മുന്‍നിരനേതാക്കള്‍ക്കുള്ളത്.  പ്രകാശ് ജാവഡേക്കറെ കണ്ടെന്നു പിണറായി തന്നെ സമ്മതിച്ചു.ജാവഡേക്കര്‍ ഇപ്പോള്‍ മന്ത്രിയല്ല. കേരളത്തില്‍ ബിജെപിയെ വളര്‍ത്തുന്നതിനാണ് അവരുടെ നേതൃത്വം അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. 

അങ്ങനെയുള്ള ജാവദേക്കറെ പിണറായി കണ്ടത് എന്തിന്? ഇതെല്ലാം സിപിഎം-ബിജെപി ഡീലിന്റെ ഭാഗം തന്നെയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കെ.സുരേന്ദ്രനെതിരായ കേരളപോലീസിന്റെ നടപടിയും പാതിവഴിയില്‍ എങ്ങനെ നിലച്ചുയെന്നതിന് തെളിവുകളാണ് സിപിമ്മിന്റെയും ബിജെപിയുടേയും നേതാക്കളുടെ ഇത്തരത്തിലുള്ള രഹസ്യകൂടിക്കാഴ്ചകള്‍. 

സ്വന്തം അണികളെ വഞ്ചിച്ചവരാണ് ഇന്ന് സിപിഎമ്മിനെ നയിക്കുന്നത്. സിപിഎം പലപ്പോഴും കേരളത്തില്‍  ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജന്‍സിയെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ താരപ്രചാരകനെപ്പോലെയാണ് ഈ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പലപ്രസ്താവനകളും രാഹുല്‍ ഗാന്ധിക്കെതിരായി വന്നതെന്നും സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments