റിയാദ്: ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വെടിനിർത്തലിലെത്തുകയും ബന്ദികളെ വിട്ടയക്കലുമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പറഞ്ഞു. റിയാദിൽ ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിന്റെയും ഇറാന്റെ അസ്ഥിരപ്പെടുത്തുന്ന നടപടികളുടെയും പശ്ചാത്തലത്തിൽ ഇന്നത്തെ കൂടിക്കാഴ്ച എന്നത്തേക്കാളും പ്രാധാന്യമുള്ളതാണ്. മേഖലയിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനും സംഘർഷം വ്യാപിക്കുന്നത് തടയാനുമുള്ള അവസരമാണിതെന്നും ആൻറണി ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. ഗാസയിൽ യുദ്ധം വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ വാഷിംഗ്ടൺ തുടരുകയാണ്. ഗസ്സയിലെ മാനുഷിക സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിനും അവിടെയുള്ള മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനുമായി ഞങ്ങൾ ഒരു സന്ധിക്കായി കാത്തിരിക്കുന്നു. ക്രോസിങുകൾ തുറന്നാൽ മാത്രം പോരാ, ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം അയക്കണം.
ഗൾഫ് സഹകരണ കൗൺസിലിലെ പങ്കാളികളുമായി ദീർഘകാല സമാധാനം കൈവരിക്കുന്നതിനും ഇസ്രയേലിന്റെ സുരക്ഷയും മേഖലയുടെ പൊതുവെ സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം പാതകൾ കണ്ടെത്തുന്നതിനും തുടർന്നും പ്രവർത്തിക്കുമെന്നും ആൻറണി ബ്ലിങ്കൻ പറഞ്ഞു. ഒക്‌ടോബർ ഏഴ് മുതലുള്ള തന്റെ രാജ്യത്തിന്റെ ലക്ഷ്യം സുരക്ഷയും സ്ഥിരതയും കൈവരിക്കുകയും ഇറാന്റെ ഭീഷണികളെ അഭിമുഖീകരിക്കുകയുമാണ്. പ്രത്യേകിച്ചും 300 മിസൈലുകൾ വിക്ഷേപിച്ച് ഇസ്രായേലിനെതിരെ അഭൂതപൂർവമായ ആക്രമണത്തിന് ശേഷം. ഇറാനെ ആണവായുധങ്ങൾ നേടുന്നതിൽ നിന്ന് തടയേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു. വർധിച്ചുവരുന്ന ഇറാനിയൻ ഭീഷണികൾക്കെതിരെ പ്രതിരോധം കൈവരിക്കുന്നതിന് നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെയും ഇത് ഉണർത്തുന്നുവെന്നും ആൻറണി ബ്ലിങ്കൻ പറഞ്ഞു.
ഇസ്രായേലിനുള്ള സുരക്ഷാ ഗ്യാരൻറികളോടെ സുസ്ഥിരമായ ഒരു പരിഹാരത്തിലെത്താൻ ഞങ്ങൾ ഞങ്ങളുടെ പങ്കാളികളുമായി പ്രവർത്തിക്കുന്നു. ഇസ്രായേലിനെതിരായ ഇറാനിയൻ ആക്രമണം മേഖലയിൽ വർധിച്ചുവരുന്ന ഭീഷണികളെ സൂചിപ്പിക്കുന്നു. ഗാസയിൽ സന്ധിയിലെത്താനും തടവുകാരെ മോചിപ്പിക്കാനും ഞങ്ങൾ പിന്തുണയ്ക്കുന്നു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ വാഷിംഗ്ടൺ വലിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പുരോഗതിയുണ്ടെന്നും ആൻറണി ബ്ലിങ്കൻ പറഞ്ഞു.
ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഊന്നിപ്പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് അമേരിക്ക ‘പ്രകടമായ പുരോഗതി’ നിരീക്ഷിച്ചിട്ടുണ്ട്. ചെങ്കടലിലെ നാവിഗേഷൻ പ്രശ്നം അഭിസംബോധന ചെയ്യുകയും ഹൂതി ആക്രമണങ്ങളെ നേരിടുകയും വേണം. ചെങ്കടലിൽ ചരക്ക് കപ്പലുകൾ ലക്ഷ്യമിടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും ആൻറണി ബ്ലിങ്കൻ പറഞ്ഞു. യമനിൽ സമാധാനം കൈവരിക്കാൻ സൽമാൻ രാജാവ് നടത്തിയ ശ്രമങ്ങളെ ബ്ലിങ്കൻ പ്രശംസിച്ചു.