Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുൽദീപ് കുമാർ മേയറാകും. ഈ എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ച​ന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീർപ്പ് കൽപിച്ചു. ബാലറ്റിൽ കൃത്രിമം നടത്തിയ വരണാധികാരി അനിൽ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാറോട് കോടതി നിർദേശിച്ചു.

അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് രാജിവെച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു രാജി. അതിനിടെ ഭരണം തിരിച്ചുപിടിക്കാൻ മൂന്ന് എ.എ.പി കൗൺസിലർമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചിരുന്നു.മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ സുപ്രീംകോടതി, തെരഞ്ഞെടുപ്പിന്‍റെ എല്ലാ രേഖകളും കൈമാറണമെന്നും നിർദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചണ്ഡിഗഢിൽ വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗൺസിലർ കുൽദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവിന് വിസമ്മതിച്ച ഹൈകോടതി വിധിക്കെതി​രെ സുപ്രീംകോടതിയിൽ ഹരജി നൽകുകയായിരുന്നു. കോൺഗ്രസ്-എ.എ.പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രിസൈഡിങ് ഓഫിസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഏവരെയും അമ്പരപ്പിച്ചാണ് ബി​.ജെ.പി ജയം നേടിയത്. അംഗബലം നോക്കുമ്പോൾ ‘ഇൻഡ്യ’ സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. ‘ഇൻഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. 35 അംഗ കോർപറേഷനിൽ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് ​കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിച്ചിരുന്നത്. തുടർന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും തെര​ഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഉടനടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com