ഡൽഹി : ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.അമേഠിയിലെ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അഞ്ചാം ഘട്ടമായി മേയ് 20 ന് അമേഠിയിൽ തിരഞ്ഞെടുപ്പ് നടത്താനിരിക്കെ ഇതുവരെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിലാണ് പ്രതിഷേധം.
അമേഠിയ്ക്ക് രാഹുലിനേയോ പ്രിയങ്കയേയോ സ്ഥാനാർഥിയായി വേണമെന്ന ആവശ്യവുമായാണ് ഒരു സംഘം ആളുകൾ പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. അമേഠി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ, മുൻ ജില്ലാ അധ്യക്ഷൻ അടക്കമുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ‘ഞങ്ങൾക്ക് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ വേണമെന്നും നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ പ്രതാപം വീണ്ടെടുക്കണമെ’ന്നും പാർട്ടി ജില്ലാ വക്താവ് അനിൽ സിങ് വ്യക്തമാക്കി.
അഞ്ചാം ഘട്ടത്തില്‍ മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർഥിയെ മണ്ഡലത്തിൽ നിശ്ചയിക്കാനായിട്ടില്ല, ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് നേതൃത്വം അറിയിക്കുന്നത്. റോബർട്ട് വാദ്ര മണ്ഡലത്തിൽ കണ്ണുവെക്കുന്നുണ്ടെങ്കിലും ഗാന്ധി കുടുംബം പാരമ്പര്യമായി സൂക്ഷിച്ചു പോന്നിരുന്ന ഇരു മണ്ഡലത്തിലും രാഹുലും പ്രിയങ്കയും മത്സരിക്കണമെന്നാണ് വിവിധ കോണിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. ബി ജെ പി സ്ഥാനാർഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി ലോക്‌സഭാ മണ്ഡലത്തിൽ പത്രിക നൽകി പ്രചാരണം ആരംഭിച്ചു.